Blog Malayalam

ജീവിതത്തിൽ എങ്ങനെ പോസിറ്റീവ് ചിന്താഗതി വളർത്താം

നിങ്ങൾ ധനികനോ പാവപ്പെട്ടവനോ എന്നതല്ല, മാനസികാവസ്ഥ ആണ് പ്രധാനം. പോസിറ്റീവ് ആയ ഒരു മാനസിക നില വെച്ച് പുലർത്തിയാൽ ജീവിതത്തിൻറെ ഗുണനിലവാരം തന്നെ ഉയർത്താം. ഇത് നിങ്ങളെ സന്തോഷവാനാക്കും, ഈ സന്തോഷം ജീവിതത്തിലും തൊഴിലിലും പ്രതിഫലിയ്ക്കും.  മനസികനിലയിലുള്ള ചെറിയ ഒരു വ്യതിയാനം നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയിലേക്ക് കൊണ്ട് വരും. ഇവിടെ നമ്മൾ ശ്രമിയ്ക്കുന്നത് ജീവിതത്തിൽ പോസിറ്റീവ് ആയ മാനസിക നില കൊണ്ട് വരാനുള്ള ആറ് വഴികളെ കുറിച്ച് പ്രതിപാദിയ്ക്കാനാണ്.

  1. നിങ്ങളിൽ ഉള്ളത് എന്താണോ അതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക

പണമില്ലാത്തതിനെ പറ്റിയും നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചോർത്തും ആളുകൾ വിലപിയ്ക്കുന്നത് കണ്ടിട്ടില്ലേ. ഇല്ലാത്ത ഒന്നിനെ കുറിച്ചോർത്ത് വിലപിയ്ക്കുന്നതിനേക്കാൾ നിങ്ങളിൽ ഉള്ളതെന്താണോ അതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് വേണ്ടത്. ഇത് നിങ്ങളുടെ വ്യക്തി ജീവിതവും തൊഴിൽ ജീവിതവും ഒരു പോലെ സുഖകരമാക്കും.

  1. പോസിറ്റീവ് ആയ മാനസിക നിലയുള്ള ആളുകളുമായി കൂട്ട് കൂടുക

വ്യക്തിപരമായി നമ്മളുമായി വളരെയടുത്ത അഞ്ച് പേരുടെ കാര്യം എടുക്കുകയാണെങ്കിൽ അവരുടെ ശരാശരി വരുമാനവും സ്വഭാവവും നമ്മുടേതുമായി സാമ്യമുണ്ടായിരിയ്ക്കും. അതിനാൽ വളരെ പോസിറ്റീവ് ആയി ജീവിതത്തെ നോക്കിക്കാണുന്ന ആളുകളെ ജീവിതത്തിൽ സുഹൃത്തുക്കളാക്കണം. അത് മനസ്സിലും ജീവിതത്തിലും ശുഭചിന്തകൾ നിറയ്ക്കും. അത് പോലെ തന്നെ ജീവിതത്തിൽ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന ആളുകളുമായി കൂട്ടുകൂടുന്നത് നമ്മുടെ ജീവിത നിലവാരം ഉയർത്താൻ പ്രചോദനമാകും. ഇത്തരം ആളുകൾ സുഹൃത്തുക്കൾ ആയി വരുന്നത് കൊണ്ടുള്ള മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും തൊഴിലിലും ഒരു പോലെ കാണാം.

  1. ഇരു കൂട്ടർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക

വ്യക്തി ജീവിതത്തിലായാലും തൊഴിലിലായാലും ഒത്തുതീർപ്പിലെത്തേണ്ട സാഹചര്യങ്ങളിൽ എല്ലാവർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. നമ്മൾ തന്നെ എല്ലാത്തിലും ലാഭമുണ്ടാക്കണം അല്ലെങ്കിൽ ജയിയ്ക്കണം എന്ന് വാശി പിടിയ്ക്കാതിരിയ്ക്കുക. മറുവശത്തുള്ളയാൾക്കും കൂടെ ലാഭമുണ്ടാകണം എന്നോർക്കുക. ഇത് വ്യക്തി ജീവിതത്തിൽ സന്തോഷവും, ബിസിനസ്സിൽ വരുമാനവും കൂട്ടും.

  1. കൃതജ്ഞത കാണിയ്ക്കുക

ഓരോ ദിവസവും ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾ അതാത് ദിവസം കുടുംബാംഗങ്ങളുമായി പങ്ക് വെയ്ക്കുക. ഇത് ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്ന നേരത്തോ വെറുതെയിരിയ്ക്കുന്ന നേരത്തോ ആകാം. ഇത്തരം നിമിഷങ്ങളെ കുറിച്ച് ഒരു ഡയറിയിൽ എഴുതിയിടാം. ഇത് നിങ്ങളിൽ ഉന്മേഷവും ശുഭചിന്തകളും നിറയ്ക്കും.

  1. അപ്രതീക്ഷിതമായ സംഭവങ്ങളിൽ പതറിപ്പോകാതെ മുന്നോട്ട് പോകാനുള്ള സാധ്യതകളെ കുറിച്ച് ആലോചിയ്ക്കുക

നിങ്ങളുടെ ജീവിതത്തിൽ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പതറിപ്പോകാതെ മറി കടക്കാനുള്ള വഴികളെ കുറിച്ച് ആലോചിയ്ക്കുക. ഇത്തരം സംഭവങ്ങളെ മുന്നോട്ട് പോകാനുള്ള ചവിട്ടുപടിയായി കരുതുക. ഉദാഹരണത്തിന്, തുടക്കത്തിൽ കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ മുന്നോട്ടെന്ത് എന്നറിയാതെ ജനങ്ങൾ പകച്ചു നിന്നു. എന്നാൽ അസാധാരണ സാഹചര്യത്തിലും പുതിയ സാദ്ധ്യതകൾ തേടി മുന്നോട്ട് നീങ്ങാൻ ജനങ്ങൾ തയ്യാറായി. മാറിയ സാഹചര്യത്തിനനുസരിച്ച്‌ ജനങ്ങളും സ്വയം മാറി. തൊഴിലിൽ ഇത് വ്യക്തമായ തയ്യാറെടുപ്പോടെ വേണം നടത്താൻ. വ്യക്തി ജീവിതത്തിൽ ചെറിയ തടസ്സങ്ങൾ ശുഭകരമായ മാറ്റത്തിന് വഴി മാറണം.

  1. മോശം ജീവിത ശൈലിയിൽ നിന്ന് നല്ലതിലേയ്ക്ക് മാറുക

ബുദ്ധിപരമായ നിക്ഷേപങ്ങൾ നടത്തിയും ജീവിതശൈലിയിൽ മാറ്റം വരുത്തിയും വരുമാനത്തിനനുസരിച്ച്‌ ജീവിതത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിയ്ക്കുക. കാലഹരണപ്പെട്ട നിക്ഷേപ രീതികൾ പിന്തുടരുന്നത് നിർത്തുക. അത് നിങ്ങളുടെ വ്യക്തി ജീവിതത്തിനോ തൊഴിലിനോ ഒരു ഗുണവും ചെയ്യില്ല.

ഈ ആറ് രീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ പോസിറ്റീവ് ചിന്താഗതി വളർത്താം. അത് വ്യക്തി ജീവിതത്തിലും തൊഴിലിലും പ്രതിഫലിയ്ക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Close Bitnami banner
Bitnami