Blog Malayalam

ഷെയറുകൾ വാങ്ങണോ, എങ്കിൽ ശ്രദ്ധിയ്ക്കൂ

ഷെയറുകൾ വാങ്ങുക എന്നത് ഏറെ ആവേശം നല്കുന്ന ഒരു പ്രക്രിയ ആണ്, എന്നാൽ ഏറെ അപകട സാദ്ധ്യത നിറഞ്ഞത് ആണ് താനും. ഈ ഷെയർ എവിടെ നിന്ന് വാങ്ങും, നടപടി ക്രമങ്ങൾ എന്തൊക്കെ എന്നോർത്ത് ആശങ്കപ്പെട്ടിട്ടുണ്ടോ. എങ്കിൽ ശ്രദ്ധിയ്ക്കൂ, ഷെയർ വാങ്ങുന്നതുമായി സംബന്ധിച്ച നടപടി ക്രമങ്ങൾ ഏറെ ലളിതമാണെന്ന് മാത്രമല്ല, ഒരുപാട് സമയം എടുക്കുകയും ഇല്ല. ഇവിടെ നമ്മൾ സംസാരിയ്ക്കാൻ പോകുന്നത് ഷെയർ വാങ്ങുമ്പോൾ സ്വീകരിയ്ക്കേണ്ട നടപടി ക്രമങ്ങളെ കുറിച്ചാണ്.

ഷെയർ വാങ്ങാൻ ആഗ്രഹിയ്ക്കുന്നവർക്ക് അതിന് സമീപിയ്ക്കാവുന്ന രണ്ട് സ്ഥലങ്ങളാണ് പ്രൈമറി മാർക്കറ്റും സെക്കണ്ടറി മാർക്കറ്റും.

പ്രൈമറി മാർക്കറ്റ്

ഒരാൾ തൻറെ സ്ഥാപനം കാപ്പിറ്റൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്നത് വഴി ലക്ഷ്യമിടുന്നത് കൂടുതൽ നിക്ഷേപം അല്ലെങ്കിൽ മൂലധനം ആണ്. ഐ പി ഒ (ഇനീഷ്യൽ പബ്ലിക് ഓഫറിംഗ്) വഴി ലഭിയ്ക്കുന്ന പണം മൂലധനമായും മറ്റു പല കാര്യങ്ങൾക്കുമായും ഉപയോഗിയ്ക്കുന്നു. താല്പര്യമുള്ള നിക്ഷേപകർക്ക് ഐ പി ഒ സ്റ്റോക്ക് വാങ്ങുന്നതിനായി ഓൺലൈൻ വഴി അപേക്ഷിയ്ക്കാം. അപേക്ഷകർക്ക് ഒരു ബാങ്ക് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടാകണമെന്ന് മാത്രം.

എസ്സ് ബി എ – ആപ്ലികേഷൻസ് സപ്പോർട്ടഡ് ബൈ ബ്ലോക്ഡ് എമൗണ്ട്

ഈ സ്‌കീം പ്രകാരം നിക്ഷേപകർക്ക് തങ്ങൾ ആഗ്രഹിച്ച ഷെയർ ലഭിയ്ക്കുന്നത് വരെ നിശ്ചിത തുക കൈമാറാതെ അക്കൗണ്ടിൽ നീക്കി വെയ്ക്കാം. ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ ബാങ്കിന് നൽകിയാൽ ഇടപാട് പൂർത്തിയായാലേ പണം അക്കൗണ്ടിൽ നിന്ന് പോകൂ. ഈ സ്‌കീം പ്രകാരമാണ് നിങ്ങൾ ഷെയർ വാങ്ങുന്നതെങ്കിൽ മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാവാൻ വെറും 10 മിനിറ്റ് മാത്രമേ എടുക്കൂ.

സെക്കൻഡറി മാർക്കറ്റ്

ഒരിയ്ക്കൽ പ്രൈമറി മാർക്കറ്റിൽ സ്ഥാപനം ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ ഷെയറുകൾ സെക്കൻഡറി മാർക്കറ്റിൽ ലഭ്യമാവും. താല്പര്യമുള്ളവർക്ക് ഇത് വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. എന്നാൽ ആവശ്യവും വിതരണവും അനുസരിച്ച്‌ വില കൂടിയും കുറഞ്ഞുമിരിയ്ക്കും.

ഷെയറുകൾ വാങ്ങാൻ ആവശ്യമായത്

ട്രേഡിങ്ങ് അക്കൗണ്ട്

ഒരാളുടെ ബാങ്ക് അക്കൗണ്ടിനെയും ഡീമാറ്റ് അക്കൗണ്ടിനെയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണ് ട്രേഡിങ്ങ് അക്കൗണ്ട്. ഒരു ഷെയർ വാങ്ങണോ വിൽക്കണോ എന്ന് ഒരു നിക്ഷേപകൻ തീരുമാനിയ്ക്കുന്നത് ഇവിടെയാണ്. ട്രേഡിങ്ങ് അക്കൗണ്ട് തുറക്കാൻ സഹായിയ്ക്കുന്ന ബ്രോക്കർമാരുമുണ്ട്.

ഡീമാറ്റ് അക്കൗണ്ട്

നിങ്ങൾ വാങ്ങിയ ഷെയറുകൾ സൂക്ഷിയ്ക്കുന്നത് ഇവിടെയാണ്. ഒരു ബാങ്ക് ലോക്കർ കൊണ്ട് ഉണ്ടാകുന്ന ഫലമാണ് നിക്ഷേപകന് ഡീമാറ്റ് അക്കൗണ്ട് കൊണ്ട് ഉണ്ടാകുന്നത്.

നിക്ഷേപിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ

  • ഒരു ബ്രോക്കറെ സമീപിയ്ക്കുമ്പോൾ അവരുടെ സേവനങ്ങളെ കുറിച്ച്, അതായത്, നിക്ഷേപങ്ങളെ കുറിച്ചുള്ള നിർദേശങ്ങൾ, ബ്രോക്കറേജ് ഫീസ് എന്നിവയെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിയ്ക്കണം.
  • ട്രേഡിങ്ങ് അക്കൗണ്ട് തുറക്കാൻ പ്രത്യേക ഫീസ് ആവശ്യമില്ല, എന്നാൽ ഡീമാറ്റ് അക്കൗണ്ടിന് വർഷം തോറും ആനുവൽ മെയിന്റനൻസ് ഫീ ഉണ്ട്. ഷെയറുകൾ വിൽക്കുമ്പോഴും ഒരു നിശ്ചിത തുക ഈടാക്കും.
  • കെ വൈ സി (നോ യുവർ കസ്റ്റമർ) ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി നൽകേണ്ട രേഖകൾ:
    • വ്യക്തിഗത തെളിവ് – പാൻ കാർഡ്, ആധാർ കാർഡ് മുതലായവ
    • വീട് മേൽ വിലാസത്തിൻറെ തെളിവ് – ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ
    • ബാങ്ക് വിവരങ്ങൾ – പണം നിക്ഷേപിച്ചിരിയ്ക്കുന്ന ബാങ്കിൻറെ വിവരങ്ങൾ
    • സമ്പാദ്യത്തിൻറെ തെളിവ് – ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് അല്ലെങ്കിൽ ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ്. ഇത് ഉപഭോക്താവിൻറെ സാമ്പത്തിക സ്ഥിതി അറിയാൻ ബ്രോക്കറെ സഹായിയ്ക്കും.

ഷെയർ വാങ്ങുക എന്ന പ്രക്രിയ ഒട്ടും സങ്കീർണതകളില്ലാത്ത ഒന്നാണ്. അതിനാൽ ഉടൻ തന്നെ ഒരു ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി ധന സമ്പാദനത്തിലേയ്ക്കുള്ള നിങ്ങളുടെ ആദ്യത്തെ ചുവട് വെയ്ക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Close Bitnami banner
Bitnami